ഈ വെബ്ബ് സൈറ്റ് നിർമ്മാണത്തിലാണ് ഇതിലെ ഉള്ളടക്കങ്ങൾ പൂർണ്ണമല്ല
പഞ്ചായത്തിന്റെ ഭൂമിശാസ്ത്രം

വിജയപുരം ഗ്രാമപഞ്ചായത്ത് ഭൂപ്രകൃതികൊണ്ട് രമണീയമായ പ്രദേശമാണ്. നദികള്‍, തോടുകള്‍, ചെറിയ കുന്നുകള്‍, വലിയ പാടശേഖരങ്ങള്‍, നെല്ല് വിളയുന്ന വയലുകള്‍, തെങ്ങന്‍തോപ്പുകള്‍ എന്നിവയാണ് പ്രത്യേകതകള്‍ മീനച്ചിലാറും, കൊടൂരാറുംമീനന്തറയാറും ഈ പഞ്ചായത്തില്‍കൂടി കടന്നു പോകന്നു. ഇതു കൂടാതെ വലിയ തോടുകളും ഈ പ്രദേശത്തിന്‍റെ പ്രത്യേകതയാണ്. അതിലുപരിയായി മനുഷ്യനിര്‍മ്മിതമായ കഞ്ഞിക്കുഴിതോട് ആണ് മറ്റൊരു പ്രത്യേകത. മീനന്തറയാറ്റില്‍ നിന്നും വെളളം മാങ്ങാനം പ്രദേശത്തെ പാടശേഖരങ്ങളിലെത്തിക്കാന്‍ മുന്‍പ് രാജഭരണകാലത്ത് നിര്‍മ്മിച്ചതാണിത്. മനുഷ്യ പ്രയത്നത്തിന്‍റെ മഹനീയമായ ഒരു സ്മാരകം പോലെ ഇന്നും വെള്ളം കയറാനും ഇറങ്ങാനും അനുവദിച്ച് തോട് നിലകൊളളുന്നു. നദികള്‍ ജലനിബിഡമാണ്. മത്സ്യ സമ്പത്തും വളരെയേറെയാണ്. വര്‍ഷ കാലത്ത് ഈനദീതടങ്ങളില്‍ വിളയുന്ന മത്സ്യത്തെ പിടിക്കുന്ന ആഘോഷപൂര്‍വ്വമാണ്. ഒരു കാലഘട്ടത്തില്‍ കോരുവള്ളങ്ങളില്‍ ചരക്കെത്തിക്കുന്ന തോടുകള്‍ ഇവിടെയുണ്ടായിരുന്നു. ഇന്നും ഈ വലിയ തോടുകള്‍ കാലപ്രവാഹത്തെ അതിജീവിച്ച് നലനില്‍ക്കുന്നുണ്ട്. കാലാന്തരത്തില്‍ പലപല കാരണങ്ങളാല്‍ നെല്‍കൃഷി കുറഞ്ഞിട്ടുണ്ട്. എങ്കിലും മാങ്ങാനംനട്ടാശ്ശേരിപൊന്‍പള്ളിതുടങ്ങിയ പ്രദേശങ്ങള്‍ ഇന്നും നെല്ലറകള്‍ തന്നെയാണ്. നെല്‍കൃഷിയില്‍ പുത്തന്‍ സാങ്കേതിക വിദ്യകളുടെ വിവരവും പുതിയ വിത്തിനങ്ങളുടെ കടന്നുവരവും അതോടൊപ്പം ഭരണകൂടങ്ങളുടെ സജീവ പിന്‍തുണയും സഹായവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പഴയതുപോലെയില്ലെങ്കിലും ഒരളവില്‍ നെല്‍കൃഷി നിലനിര്‍ത്താന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. മുന്‍പ് നെല്‍കൃഷിക്ക് പാടശേഖരങ്ങളൊരുക്കാന്‍ പാടത്തില്‍ തിങ്ങി നിറഞ്ഞ വെളളം നിക്കം ചെയ്യാന്‍ പെട്ടിയും പറയും ഉപോയോഗിച്ചിരുന്നു. ഇന്ന് ഈ ആവശ്യം വലിയ അളവില്‍ ഇല്ലയെങ്കില്‍ പോലും പാടശേഖങ്ങളുടെ വരമ്പില്‍ ചരിത്ര സ്മാരകം പോലെ ഇന്നും ഇതിനുപയോഗിച്ച തറയും നലനില്‍ക്കുന്നുണ്ട്. പഞ്ചായത്തിന്‍റെ കിഴക്കന്‍ മേഖല പൊതുവെ ഉയര്‍ന്ന പ്രദേശമാണ്. വെളളപ്പൊക്കം ഈ സ്ഥലങ്ങളില്‍ ഇല്ലായെങ്കിലും മറ്റ് കൃഷികള്‍ക്ക് ഏറ്റവും അനുയോജ്യമായ മണ്ണോടുകൂടിയ പ്രദേശമാണിത്.പശുവളര്‍ത്ത്, കോഴിവളര്‍ത്ത്മത്സ്യകൃഷി എന്നിവ പ്രോത്സാഹിപ്പിക്കുന്ന  സമീപനം പഞ്ചായത്ത് സ്വീകരിക്കുന്നതിനാല്‍ ഈ മേഖലയിലും ഗണനീയമായ അളവില്‍ ഉല്പാദനം വര്‍ദ്ധിച്ചിട്ടുണ്ട്.